മേളം തുടങ്ങി എന്നുള്ളിലും
തിമില താളമിടിപ്പൂ ദ്രുതം
കരിപടർന്നു ക്ലാവു പടർന്നു
ദേഹം കരിമഷിപോൽ കറുതു
രാവിൻ അന്ത്യ താളത്തിൽ
ആഞ്ഞു കത്തി കറുതുപോയി
ഞാനീ ഓട്ടുപുരയിൽ ക്ലാവേന്തി നിൽപൂ
പുതിയൊരു കളിയരങ്ങിൻ നാളതിനായ്
മോറിയില്ലാരും കുഞ്ഞുമെയ്യ് കാഞ്ജനമാക്കീല
കരുത്തരാം തിരികൾ രണ്ടില്ല
പച്ച വാഴത്തണ്ടു തടയായീലാ
മേലപ്പിലോ കുരുത്തോലയില്ല
മാവിലയും പൂവും പ്ലാവിലയും താനിച്ചില്ല
മനയോല തേച്ചു പച്ചവേഷങ്ങൾ
മഞ്ജുതര പാടിയെത്തുന്നതെന്നോ
തകർക്കും കേളി താളങ്ങളടങ്ങി
ഒച്ചപോയ് ചിലമ്പിച്ച നാവുമായ്
പതറി നിൽപൂ പിന്നണിക്കാർ
അടന്ത ചെമ്പടകൾ മുറുകാതെ
ആസുര വാദ്യങ്ങളടങ്ങീ
പടരും പച്ചയും കരിയുമെന്നിലിണങ്ങും
കൊലവിളിക്കും അലറിച്ചിരിക്കും
ദുശ്ശാസന കോലമാകുന്നു ഞാൻ
ശുദ്ധ മദ്ദളമൊഴികളില്ല
സാരിയും കുമ്മിയുമില്ല
ആട്ടക്കാലം കഴിഞ്ഞൊരു
ഭീമമാം കളിവിളക്കു ഞാൻ
ഇന്നു തേടുന്നു മറ്റൊരു മൂശ
ഇന്നു തേടുന്നു മറ്റൊരു ദേഹം