Tuesday, December 23, 2014

വേനല്‍.....

പാടി മടുത്തു പോകുന്ന രാകുയിലേ
വീണ്ടും വ്യസനങ്ങള്‍ എനിക്കായി  മാത്രം...
വര്‍ഷത്തിന്‍റെ തണുവുംശിശിരത്തിന്റെ വിറയും
കണ്ണീര്‍ വീഴ്ത്തുന്നോരീ ഇലപ്പടര്‍പ്പുകളും....

നിന്‍റെ ഇടറുന്ന മൊഴികളും പരിഭവിച്ച മിഴികളും
എന്നെ പുല്‍കുന്ന തണുത്ത കാറ്റും രാഗങ്ങള്‍
പെയ്യുന്നു പൊടിക്കാറ്റിഴയുന്ന സന്ധ്യകളില്‍....

വറുതി കത്തുന്ന കുടികളില്‍ വയലീണങ്ങള്‍ നിലച്ച
നിലങ്ങളില്‍ വിശപ്പിന്‍റെ വിഷനീലിമകള്‍ മാത്രം....
അരുത് പകരുവാന്‍ പാട്ടീണങ്ങള്‍...ആളുന്ന പകമാത്രം...

പിടയുന്ന പിഞ്ചു ബാല്യങ്ങള്‍...നെഞ്ചില്‍ നിലയ്ക്കുന്നു മിടിപ്പുകള്‍..
പെഷവാറിലെ ചോരച്ച മണം പടര്‍ന്നു കത്തുന്നൂ ...
കരയരുതേ  രാക്കുയിലേ...പകയുടെ രോദനം ഇനിയും പാടരുതേ....

Tuesday, February 14, 2012

മുഖം നഷ്ടപ്പെടുന്നവര്‍

ഓരോ യാത്രയും വേദനയുടേത്

അലറി പെയ്തിറങ്ങി നേര്‍ത്ത്

നീര്‍മഴയായി തുള്ളി തോര്‍ന്നു ....

കാറ്റ് വീഴ്ത്തും കരിഞ്ഞു മണ്ണാകുമീ

കരിയിലകള്‍ പോല്‍.. വീണ്ടും....

ഈ ഇരുളില്‍ കൈനീട്ടി നെഞ്ച് പിടഞ്ഞ്‌ പിടഞ്ഞ്....

ഞാന്‍ ഞാന്‍ മാത്രം .

മുന്നില്‍ അലിയുന്നത് മുഖം .

കാഴ്ചയില്‍ തിരയുന്നത്,എന്നും കേള്‍ക്കുന്നത്

പറഞ്ഞു പോയ വാക്കുകള്‍ ,തനിച്ചിരുന്ന നിമിഷങ്ങള്‍

ഒരോ വഴിവക്കിലും കാത്തു നില്‍ക്കുന്നത്‌

ഇനിയും പ്രാണന്‍ പിന്‍ വയ്ക്കുന്നത് ....

നഗരമുറങ്ങാന്‍.... ... കുപ്പിവളകള്‍ ചിരിപ്പിച്ച്

നീലാകാശം കുടിവച്ച കണ്ണുകളുമായി ....

ശ്വാസം പുതച്ച് നീ വരും ...

മുഖ മില്ലാതെ .....കളിക്കളത്തില്‍

കലപിലയ്ക്കുന്ന ചന്തയില്‍ വാക്കുകള്‍

വാളാകുന്ന വേദിയില്‍ ...ഉറക്കത്തിന്റെ പ്രാര്‍ഥനയില്‍ ....


കണ്ണിമയ്ക്കാതെ നമുക്ക്‌ മുഖങ്ങള്‍ തേടാം......

Thursday, November 17, 2011

യാത്രാമൊഴി

നിലവിളികള്‍ ബാക്കിയായ എന്റെ വഴിയില്‍
നേര്ത്തുപോയത് ഞാന്‍ തന്നെയായിരുന്നു .
ആയിരം മുനകുത്തി വീണ മഴയമ്പുകള്‍.
വീറിന്റെ, വാശിയുടെ,പരാജയത്തിന്റെ
തേങ്ങലുകള്‍ .മൊഴികള്‍,വാക്കുകള്‍ .

മയക്കത്തിന്റെ ശീതീകരണം......മരണത്തിന്റെയും

Saturday, July 30, 2011

പ്രണയം


ആര്‍ദ്ര പൌര്‍ണമി രാവ്‌ പോല്‍
ആയിരം പൂത്താലം മിന്നും വാനം പോല്‍
നിശാഗന്ധി തന്‍ നിശ്ശബ്ധ നോവ്‌ -പ്രണയം

നിനക്കും എനിക്കും തണലായി .
ഹൃദയ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കാമിനി .
പോകാം ഒരുമിച്ച് ഒരുകാലടി വച്ച് അല്പദൂരം .

കളഞ്ഞു പോയൊരാ വളപ്പൊട്ടുകള്‍ ,
മഞ്ജിമയാര്‍ന്ന മഞ്ചാടി മുത്തുകള്‍ ,
മഷിത്തണ്ട് ,നവരപ്പച്ച ,കാരപ്പഴം ....

പടിയിറങ്ങാo പിന്‍വിളിക്ക് കാതോര്‍ക്കാം
നമുക്കിടയില്‍ പിഞ്ഞിപോയോര പട്ടുനൂലുകള്‍
തേടാം,അണയാം,ആപാതവക്കില്‍ ....

ഏറെ ദൂരെയാണ് ആ പാതവക്ക്.....

Thursday, June 30, 2011

.മരണം ......

മഴ......മഴവില്ല് .......മരണം ......
എന്തൊരു ചേര്‍ച്ച .
ഒരായുസ്സില്‍ പകര്‍ന്നാടിയ ചൂടിനു
മരണ ത്തിന്റെ രുചിയാണ്
കാത്തിരുപ്പ് ......
എന്തൊരു രസമാണ് ഒരിക്കലും
ഒരിക്കലും വരാത്ത ഒരാളിനായി ....
കറുപ്പ്
മരണത്തിന്‍ മുഖമിത്ര കറുത്ത്..... മൌനം
മൃഗീയമായി ഉമ്മ വച്ചതിനാല്‍ ...........

നിശ്ശബ്ദം

സുഹൃത്തേ ....


ഇടവഴിയില്‍ നിങ്ങള്‍ക്ക് എന്നെ തിരയാം
പേടിച്ചരണ്ട മിഴികളും ഓടിയണ ച്ച കിതപ്പും വിയര്‍പ്പുമായി
പതു.
ങ്ങി നില്‍ക്കയാവാം.......
മുഖം നിങ്ങളില്‍ ഉണര്‍ത്തുന്നത് കനല്‍ക്കാഴ്ചയോ? കാമമോ?
മുഷിഞ്ഞ നോട്ടുകള്‍ പരത്തുന്ന കൈകളാണോ നിങ്ങളുടേത്?
മാറത്തടുക്കി പിടിച്ച പുസ്തകം രക്ഷ കവചമായിരുന്നു ഒരിക്കല്‍ .
മാറ്റി മാറ്റി പതിപ്പിക്കുന്ന നോട്ടവുമായി ഞാന്‍.....

നീ വാഗ്ദാനം തരുന്ന ധൈര്യം കാണാതിരിക്കുന്നില്ല.
ഞാന്‍ അങ്ങനെയാണ് ........ വിടരാത്ത പനിമലര്‍ .
പാതിരാവിന്റെ പാലപ്പൂമണം .പതുങ്ങി പതുങ്ങി
നേര്‍ത്ത ശബ്ദം പോല്‍ അലിഞ്ഞു നില്‍ക്കും .

മുന്നിലേയ്ക്കുള്ള പാത അരക്ഷിതം .
നിന്നെ: നിന്‍റെ പരുഷ ഗന്ധത്തെ
ഭയമാണ്;നിന്‍റെ കിരാത മുഖത്തെ .

കാണാത്തപോല്‍ നടന്നകലുകയായി .....
ഇനി തിരയാതിരിക്കുക.
തലതല്ലി വീണൊരു നീര്‍പക്ഷി .ഞാന്‍
ഒഴുകി.....ഒഴുകി....



Friday, May 13, 2011

പുതു മഴത്തുള്ളി
പകുതി വീണ മഴ എനിക്ക് ജന്മം നല്‍കി ഇനി നീ പോകേണ്ടത് വനങ്ങളില്‍ .
കാറ്റിനൊപ്പം കടല്‍ തേടിഞാന്‍.ആരണ്യകങ്ങള്‍ ....പഞ്ചവടിയും നേര്‍ത്ത വേണു ഗാനമിഴഞ്ഞ കാളിന്ദി തീരവും
തിരക്കൊഴിഞ്ഞ ഉജ്ജയിനിയും എന്നെ കണ്ടതേയില്ല
..
.നിലാവൊഴിഞ്ഞ നിളയും എന്നെ നോക്കിയില്ല
.പാതിരാവിന്റെ തണുത്ത നിലവറയില്‍ വെറും വാക്കായി ഞാന്‍ .

മാന്തോപ്പിലെ ഇളമാന്പൂഗന്ധം നുകര്‍ന്ന് ഞാന്‍ താഴേക് .
വേദനയുടെ എന്ടോസല്ഫാന്‍ കലര്‍ന്ന് മണ്ണിന്റെ കാഴ്ച കെടുത്തി
വേദന പിടച്ച ഞരമ്പുകളില്‍ വികലതയുമായി ചെറു മഴത്തുള്ളി
ഇനിയും കടല്‍ അകലെ
ഇനിയും വിഷമായി വേദനയുമായി ത്രികാലങ്ങളില്‍ യാത്ര