ഉള്ളിത്തീയലിന്റെ മണം എന്തുകൊണ്ടോ വളരെയിഷ്ടമാണെനിക്ക്.
പേറ്റ്പുരയുടെ ഒഴിഞ്ഞ മൂലയില്‍ കുഞ്ഞിക്കണ്ണും ചുവന്ന മൂക്കും തുറന്നു ഞാന്‍ ആദ്യം ശ്വസിച്ചത് ആ മണമായതിനായിരിക്കാം.
ചോറ്റുകലത്തിന്റ്റെ കരിഞ്ഞ മണവും പാത്രങ്ങളുടെ കിലുക്കവും ഞാന്‍ വെരുക്കാന്‍ തുടങ്ങിയതും അതുകൊണ്ട് തന്നെയാകാം.
അമ്മയ്ക്കെന്നും കുട്ടിക്യൂറയുടെ മണമായിരുന്നു.
അച്ഛനോ?
പാതിചുവന്ന കണ്ണും എള്ളെണ്ണയും നെക്കോസോപ്പും കലറ്ന്ന പതഞ്ഞമണം.
ഏട്ടനോ?
കലപില കൂടലിന്റെ സ്നേഹത്തിന്റെ ആഴത്തിലുള്ള മണം.
ഏന്റെ കൂട്ടുകാര്ക്കും എനിക്കും ആദ്യമാദ്യം നവരപ്പച്ചയുടേയും പൊട്ടിയ സ്ലേറ്റിന്റേയും മണമായിരുന്നു
പെരിക്കാലനട്ടകള് നടന്നിരുന്ന വിഷ മരചീനി പടര്ന്നുനിന്നിരുന്ന മൂത്രപ്പുരയ്ക്കും സ്കൂളിനും വൃത്തിയില്ലാത്ത മണമായിരുന്നു
മഞ്ഞ റോസാപ്പൂവിന്റെ മണമായിരുന്നു എന്റെ ടീച്ചര്ക്ക്.ആറ്റിലൂടെ തുഴഞ്ഞ് അക്കരെയെത്തിയിരുന്നെങ്കില് ആ മണം എനിക്ക് അവസാനമായി ശ്വസിക്കാമായിരുന്നു-ക്യാന്സറിന്റേയും
മാമന് മഞ്ഞളിന്റേയും മന്ത്രവാദത്തിന്റേയും ചുവന്ന പട്ടിന്റേയും മണമായിരുന്നു.മരപ്പാച്ചികളും കാളിയൂട്ടും എന്റെ മച്ചിലെ ഭഗവതിയും കളമെഴുത്ത് പൊടികളും വേഗത്തിലുള്ള വിരലായവും മുഖത്തേ കുങ്കുമക്കുറിയും മാമനെ പൊതിഞ്ഞിരുന്നു.
ആറ്റുവെള്ളവും ആറ്റുവഞ്ചിയും ഇലഞ്ഞിപ്പൂമണം നിറഞ്ഞ യക്ഷിക്കഥകളും പറഞ്ഞ് അമ്മൂമ്മ കണ്ണുകാണാതെ ഇരുന്നതിനും ഒരു മണമുണ്ടായിരുന്നു – മടുപ്പിക്കുന്ന വാര്ദ്ധക്യത്തിന്റെ മണം.
ചിലങ്കയും കൊച്ച് പാവാടയും പച്ചയും ചന്ദനനിറവും തന്ന യൂണിഫോമും ചോരച്ച മണം നിറച്ച കൌമാരവും നീലയും വെള്ളയും ചിതറിയ പ്രണയവും തന്നത് ഓരോ മണങ്ങള്‍.
പിന്മടക്കമില്ലാത്ത നീണ്ട വര്ഷങ്ങള്‍………
പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങിയ മകന് ബേബി സോപ്പിന്റേയും പൌഡരിന്റേയും മണമായിരുന്നു. പിച്ചിപ്പൂവുകളുടേയും സദ്യയുടേയും മണമായിരുന്നു എന്നെ അവന്റെ അടുത്തേയ്ക്ക് എത്തിച്ചത്………
പിന്നെ………………….. പുകയുടേയും പലകറികളുടേയും തിരിച്ചറിവില്ലാത്ത മണം.വിഴുപ്പ് തുണികള്‍ കുതിര്‍ത്ത വെള്ളത്തിനും മടുപ്പിക്കുന്ന മണമായിരുന്നു.
അടിച്ച് വാരലിന്റെ, വൃത്തിയാക്കലിന്റെ,അതിഥിസത്ക്കാരത്തിന്റെ,നിറഞ്ഞ തീന്മേശകളുടെ
ആവര്ത്തനവിരസമായ മണം.
എന്റെ വായനാമുറിയില്‍ കൂറയും പാറ്റയും ഇരട്ടവാലനും പെരുകിയതിന്റെ മണം.
മറന്നുപോയവ: ഉത്സവത്തിന്റെ,ഓണത്തിന്റെ,വയണയും കമുകും കാപ്പിയും വിരിയിച്ച പൂക്കളുടെ,പൂജാമുറിയുടെ,സംഗീതത്തിന്റെ,പതിഞ്ഞ സൌഹൃദത്തിന്റെ ചെമ്പകപ്പൂമണം.
ഓറ്ക്കാനിഷ്ടമില്ലാത്തവ :
പൌരുഷത്തിന്റെ,നിശാമലരിന്റെ,റോയല്‍ മിറാജിന്റെ,കൃത്യനിഷ്ഠയുടെ തീഷ്ണമണം.
കാത്തിരിപ്പിന്റെ വിരസമായ മണം………….
കുന്തിരിക്കവും രാമച്ചവും ചന്ദനച്ചീളും വിരിച്ച ഈ വിറകുപുതപ്പിന്
ഉരുകുന്ന നറ്നെയ്യിന് ചന്ദന മണമുണ്ടാകും………..
അത്………… നിങ്ങളെ തേടിവരുന്ന എന്റെ മണം…….