Tuesday, August 3, 2010

വെസൂവിയസ്സ് ഞാന്‍ നീയാകുന്നു....

‘വെസുവിയസ്സ്’ തണുത്ത ഹിമ പാതത്തിലും
ഞാന്‍ നീയാകുന്നു
കാത്തിരിപ്പാണു ഞാന്‍ ഒരുതരി
കനിവിന്റെ ഇത്തിരി വെട്ടത്തിനായി.
ഇരുള്‍ മൂടിപോയി എന്റെ വഴിത്താര
തുളുമ്പി നില്‍ക്കും എന്‍ മിഴികള്‍
ശ്രുതി മറക്കും എന്‍ വിരലുകള്‍
ആര്‍ദ്ര നാദത്തിനോ താളമില്ല; ലയമില്ല.
ഞാനൊരു പാട്ടുകാരിയല്ല.
പാതിയുറക്കത്തില്‍ കൈവിട്ടു പോയൊരു
കാതര സ്വപ്നം ഞാന്‍.
വിറങ്ങലിക്കുന്നൂ...
വിറയാര്‍ന്ന വാക്കും കിനാവും.
പൊട്ടിത്തെറിക്കുമെന്‍ ആത്മവിന്‍ രോദനം
ദിക്കേഴും മുഴങ്ങുമൊരു രാവില്‍
ഊതി തണുപ്പിക്കാനാമോ?
ഉണര്‍ച്ച കാക്കുമീ അഗ്നിപര്‍വതത്തെ!
“വെസൂവിയസ്സ്” ‌‌‌‌- ഞാന്‍ നീയാകുന്നു.
ഊഷരമാണ് ഇന്നെന്റെ വാക്കും മനസ്സും
ഉരുകിയൊലിക്കും മനസ്സാം ലാവ.
എത്ര കാതം നടക്കണം ഞാനിനി
മറ്റൊരു പേമഴ കിട്ടുവാന്‍?
എത്ര മിത്തുകള്‍ താണ്ടണം ഞാനിനി
വാക്കിന്റെ നൊമ്പരം മാറ്റുവാന്‍?
എത്ര കാലങ്ങള്‍ തോറ്റുനടക്കണം
നിന്റെ വാക്കിന്റെ നോവിറക്കീടുവാന്‍?
ആകെ തണുത്തുറഞ്ഞീടുവാന്‍

“വെസൂവിയസ്സ്” ഞാന്‍ നീ തന്നെയാകുന്നു.....